This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സര്‍വോദയസംഘം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സര്‍വോദയസംഘം

കെ. കേളപ്പന്‍ ചെയര്‍മാനായും കെ.പി.ഡി. കര്‍ത്താ സെക്രട്ടറിയായും ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് 1957-ല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ച സാമൂഹികസേവനസംഘടന. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. അഖിലഭാരതചര്‍ക്കാസംഘം കേരളശാഖയാണ് പല പരിണാമങ്ങളിലൂടെ കേരള സര്‍വോദയ സംഘം ആയിത്തീര്‍ന്നത്. സ്വാതന്ത്ര്യസമരത്തോടൊപ്പം തന്നെ രാഷ്ട്രപുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയെങ്കില്‍ മാത്രമേ ഇന്ത്യന്‍ ജനതയുടെ കഷ്ടതകള്‍ അകറ്റാന്‍ കഴിയൂ എന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിജി ജനങ്ങളുടെ ദൈനംദിന ജീവിതത്തിനത്യന്താപേക്ഷിതമായ 17 വികസനപരിപാടികള്‍ (സമുദായസൗഹാര്‍ദം, അയിത്തോച്ചാടനം, മദ്യനിരോധനം, ഖാദി ഗ്രാമവ്യവസായങ്ങള്‍, ശുചീകരണം, അടിസ്ഥാന വിദ്യാഭ്യാസം, വയോജനവിദ്യാഭ്യാസം, ആരോഗ്യ-ശുചിത്വ പരിശീലന പരിപാടികള്‍, പ്രാദേശികഭാഷാ വികസനം, രാഷ്ട്രഭാഷാ പ്രചാരണം, സാമ്പത്തികസമത്വം, കൃഷി-കര്‍ഷകവികസന പരിപാടികള്‍, ലേബര്‍ യൂണിയന്‍, ആദിവാസി സേവനം, കുഷ്ഠരോഗനിവാരണപ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികളുടെ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍) നിര്‍ദേശിച്ചു. ഇതില്‍ ഓരോ പരിപാടിയും ഓരോ സംഘടന ഏറ്റെടുക്കണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം. ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ വസ്ത്ര സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ട് 1923-ല്‍ ആരംഭിച്ച സംഘടനയാണ് അഖിലഭാരത ചര്‍ക്കാസംഘം അഥവാ ആള്‍ ഇന്ത്യാ സ്പിന്നേഴ്സ് അസോസിയേഷന്‍. 1925 മുതല്‍ അന്ത്യം വരെ ഗാന്ധിജി തന്നെയായിരുന്നു ഈ സംഘത്തിന്റെ അധ്യക്ഷന്‍. ഗാന്ധിജിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ചുരുങ്ങിയസമയത്തിനുള്ളില്‍ത്തന്നെ ചര്‍ക്കാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിന്റെ വിദൂര ഗ്രാമങ്ങള്‍ വരെ ചെന്നെത്തി.

1923-ല്‍ത്തന്നെ കേരളത്തിലും ഖാദി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചര്‍ക്കാസംഘത്തിന്റെ തമിഴ്നാടുശാഖയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതും മേല്‍നോട്ടം വഹിച്ചതും. തുടക്കത്തില്‍ ചില വില്പനശാലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഉത്പാദനം ഉണ്ടായിരുന്നില്ല. 1935 വരെ ഈ നില തുടര്‍ന്നിരുന്നു.

1935-ല്‍ മലബാര്‍-കൊച്ചി-തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ പ്രവര്‍ത്തനപരിധിയായി നിശ്ചയിച്ച് ചര്‍ക്കാസംഘത്തിന്റെ ഒരു ശാഖ പയ്യന്നൂരില്‍ നിലവില്‍വന്നു. ഇക്കാലത്ത് കൊച്ചി രാജ്യത്തിലെ ആവണാശ്ശേരി ആസ്ഥാനമായി കൊച്ചിന്‍ ഖാദി ട്രസ്റ്റ് എന്നൊരു സ്ഥാപനവും പ്രവര്‍ത്തിച്ചിരുന്നു. ഇതേ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ പ്രദേശത്തു ഖാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥാപനമാണ് ഇലന്തൂര്‍ ആശ്രമം.

ഗാന്ധിജിയുടെ മരണത്തിനു(1948)ശേഷം ആചാര്യ വിനോബാഭാവെയുടെ നേതൃത്വത്തില്‍ സേവാഗ്രാമില്‍ ഒരു നിര്‍മാണപ്രവര്‍ത്തക സമ്മേളനം ചേര്‍ന്നു. ഇന്ത്യയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കുന്നതിനുവേണ്ടി അഖിലഭാരത സര്‍വസേവാസംഘം എന്നൊരു പുതിയ സംഘടനയ്ക്ക് സമ്മേളനം രൂപം നല്‍കി. തുടര്‍ന്ന് വിവിധ നിര്‍മാണപ്രവര്‍ത്തക സംഘടനകളെ അതില്‍ ലയിപ്പിച്ചു. അങ്ങനെ ചര്‍ക്കാസംഘം കേരളശാഖ അഖിലഭാരത സര്‍വസേവാസംഘത്തിന്റെ കേരളഘടകമായി പ്രവര്‍ത്തനം തുടര്‍ന്നു.

1957-ല്‍ സര്‍വസേവാസംഘം വികേന്ദ്രീകരിച്ചു. ഖാദി പ്രവര്‍ത്തനങ്ങള്‍ അതതു സ്റ്റേറ്റ് യൂണിറ്റുകള്‍ക്ക് സ്വതന്ത്രമായി വിട്ടുകൊടുത്തു. സ്റ്റേറ്റ് യൂണിറ്റുകളെ സ്വതന്ത്ര പരമാധികാര യൂണിറ്റുകളാക്കി രജിസ്റ്റര്‍ ചെയ്തു. അങ്ങനെ നിലവില്‍ വന്നതാണ് കേരള സര്‍വോദയസംഘം.

(എന്‍.പി. സുകുമാരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍